Category: Uncategorized

  • സ്ഥലമില്ലാത്തവന് വീടുമില്ല

    സ്ഥലമില്ലാത്തവന് വീടുമില്ല

    IMG_20180907_131014.jpg

    ജോമോന്റെ അച്ഛനും അമ്മയും അവന്റെ ചെറുപ്പത്തിലേ പിരിഞ്ഞു. അവനും അനിയനും വല്യമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത്. വല്യമ്മയ്ക്ക് സഭക്കാർ വെച്ചുകൊടുത്ത വീട്ടിലാണ് ഇരുവരും താമസിച്ചത്. വല്യമ്മ ഇന്നില്ല. ഇവരുടെ പേരിൽ സ്ഥലവുമില്ല. വീടിന് വല്യമ്മയുടെ മറ്റു മക്കളും പേരക്കുട്ടികളും അവകാശികളായുണ്ട്. വീടിനു പുറത്തൊരു ഓല ഷെഡ് കെട്ടി അതിലാണ് ജോമോനും ഭാര്യയും രണ്ടു കുട്ടികളും താമസിച്ചിരുന്നത്. ഈ മഴയിൽ അതുകൂടി ഇല്ലാതായി. അനിയനോടൊപ്പം വല്യമ്മയുടെ വീട്ടിൽ കയറി താമസിക്കുകയാണ് ഇപ്പോൾ. സ്വന്തം പേരിൽ സ്ഥലമില്ലാത്തതുകൊണ്ട് സർക്കാർ ഫണ്ടിൽ നിന്ന് യാതൊന്നും കിട്ടില്ലെന്ന് സന്ദർശനത്തിനു ബ്ലോക്കിൽ നിന്നു വന്ന ഉദ്യോഗസ്ഥർ പറഞ്ഞത്രെ. സ്ഥലമില്ലാത്തവർ എവിടെ വീട് വെക്കും ? എന്നാൽ ആദ്യം അവർക്ക് സ്ഥലം കൊടുത്തൂടെ !
    സങ്കടങ്ങൾ പറയുമ്പൊ അജിത്തിന്റെ ഭാര്യ കരയുകയായിരുന്നു. എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ ആശ്വാസം കിട്ടുമോ എന്നും.

  • ഒലിച്ചുപോയ ജീവിതങ്ങൾ

    House No : 266, Ward : 1, Cheruthana Panchayath

    ചന്ദ്രികാമ്മയ്ക്ക് അറുപത് വയസ്സിനടുത്ത് പ്രായമുണ്ട്. ആദ്യം താമസിച്ചിരുന്ന കൂര കുറച്ചുനാൾ മുന്നേ പൊളിഞ്ഞുവീണു. പിന്നീട് ഒരു ബന്ധുവിന്റെ പറമ്പിൽ ഓലവീടു കെട്ടി അതിൽ താമസിച്ചു തുടങ്ങി. പ്രളയം അതും കൊണ്ടുപോയി, ഒന്നും ബാക്കി വെച്ചില്ല. ഭർത്താവോ മക്കളോ ആരുമില്ല. മുറ്റത്തു തന്നെയുള്ള ബന്ധു വീട്ടിലാണ് ഇപ്പോൾ താമസം.

  • ഒറ്റയാൾ കാവലിൽ അവർ മൂന്നുപേർ

    IMG_20180909_160302.jpg

    ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ വീട്ടുനമ്പർ 362 ൽ അവർ നാലുപേർ താമസിക്കുന്നുണ്ട്. ഇരുളടഞ്ഞ അകങ്ങളിൽ വേച്ചുവേച്ച്, താളം തെറ്റിയ ചലനങ്ങളോടെ. പ്രായമായ അമ്മയും മാനസിക പ്രയാസമുള്ള മുതിർന്ന സഹോദരനും 30 വയസുള്ള മകനും പുഷ്പവല്ലി എന്ന ഒറ്റയാൾ കാവലിൽ കഴിയുന്ന ആ വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ അവരോടൊന്ന് ചിരിക്കാൻ നോക്കി. ചിരിച്ചുവോ ആവോ.

    മാനസിക അസുഖമുള്ള മകൻ ജനിച്ചതുകൊണ്ട് ഭർത്താവ് ഉപേക്ഷിച്ചു പോയി. മകനെ മാത്രമല്ല, അതേ പ്രയാസങ്ങളുള്ള സഹോദരനെയും കിടപ്പിലായ അമ്മയെയും ചേർത്തുപിടിച്ച് പുഷ്പവല്ലി അവിടെത്തന്നെ നിന്നു. ഉപേക്ഷിച്ചുപോകാൻ എളുപ്പമാണല്ലോ. കയറിച്ചെല്ലുമ്പോൾ അവർ കൈകൂപ്പുന്നുണ്ടായിരുന്നു. സ്‌നേഹാന്വേഷണങ്ങളുമായി വരാൻ ബന്ധുക്കളാരുമില്ലാത്തവർക്ക് പിന്നെ വരുന്നവർ സഹായങ്ങളുമായി എത്തുന്നഅപരിചിതരാണെന്ന് തിരിച്ചറിവില്ലാഞ്ഞിട്ടും അവർ മനസ്സിലാക്കിവെച്ചിരിക്കുന്നു. പേടിയാണ് കൈകൂപ്പി നിൽക്കുന്ന ഒരു മുഖത്തേക്കു നോക്കാൻ പോലും.

    മൂന്നുപേരുടെയും പെൻഷനാണ് പ്രധാന വരുമാനം, പിന്നെ അവിടേയ്ക്ക് കടന്നുചെല്ലുന്ന ഓരോ നുറുങ്ങുവെട്ടങ്ങളുടെ കൈത്താങ്ങും. രണ്ടു മുറിയും അടുക്കളയുമുള്ള വീട് പ്രളയം നൽകിയ പ്രഹരത്തിൽ ആടിനിൽക്കുകയാണ്. പെട്ടെന്നൊരു നിമിഷം ഇടിഞ്ഞു പൊളിഞ്ഞു വീണാൽ എണീറ്റ് ഓടാൻ പോലുമാവില്ലല്ലോ അവർക്കെന്ന സങ്കടമേയുള്ളൂ. വീടിനേറ്റ വിള്ളലും പൊട്ടലുമല്ലാതെ പ്രളയം പുതുതായൊരു ദുരിതവും അവർക്കു നൽകിയിട്ടില്ലെങ്കിലും നമ്മുടെ നോട്ടം എത്തേണ്ട സ്ഥലമാണ്, കരുതൽ വേണ്ട ജീവിതങ്ങളാണ്.

    നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവും. അവരുടെ എല്ലാവരുടെയും പേരുകൾ, മേൽവിലാസം, ഫോൺ നമ്പർ, അക്കൗണ്ട് നമ്പർ എല്ലാം കൈയിലുണ്ട്.

  • റിപ്പോർട്ട് (09/09/2018)

    ചെറുതന പഞ്ചായത്തിൽ അങ്ങിങ്ങായി കിടക്കുന്ന ഇരുപതോളം വീടുകളിലും ഹരിപ്പാട് മുനിസിപ്പാലിറ്റിയിലും, പള്ളിപ്പാട് പഞ്ചായത്തിലും ഓരോ വീടുകളിലുമാണ് ഇന്ന് പോയത്. ഇന്നത്തോടെ നമ്മൾ സന്ദർശിച്ച വീടുകളുടെ എണ്ണം 102 ആയി.

    ലക്ഷം വീട് കോളനികൾ സ്ഥിതി ചെയ്യുന്ന 13-ാം വാർഡിലെ കാഴ്ചകൾ ദയനീയമായിരുന്നു. പെൺമക്കളുള്ള കുടുംബങ്ങൾ പോലും കിടക്കാനിടമില്ലാതെ അടുത്തുള്ള ഏതെല്ലാമോ കെട്ടിടങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. അൻപത് വർഷം പഴക്കമുള്ള വീടുകളാണ് ലക്ഷം വീട് കോളനിയിലേത്. ഒരു നടുമതിൽ കൊണ്ട് വേർതിരിച്ച രണ്ടു വീടുകൾ. ഏതെങ്കിലും ഒരു വീടിന് സംഭവിക്കുന്ന വ്യത്യാസം മറ്റേ വീടിനെയും ബാധിക്കുന്നു. ചിലർ പൊളിച്ച് പുതിയത് പണിഞ്ഞിട്ടുണ്ട്. പുതിയത് പണിയുമ്പോൾ കൂടെയുള്ളതിന് വീണ്ടും ബലക്ഷയമുണ്ടാകുന്നു. പുതിയ കിടപ്പാടങ്ങൾക്കു വേണ്ടി അവർ മുട്ടാത്ത വാതിലുകളില്ല. വാഗ്ദാനങ്ങൾക്കപ്പുറം മറവിയിലെറിയപ്പെടുന്ന ജീവിതങ്ങൾ. പ്രളയത്തെ അതിജീവിക്കാൻ മാത്രമല്ല, തുടർന്നുള്ള ജീവിതത്തിലും കൂടെ നിൽക്കേണ്ടതുണ്ട്.

    പള്ളിപ്പാട് പഞ്ചായത്തിലെ ഒരു വീടിനെക്കുറിച്ച് കേട്ടറിഞ്ഞ് പോയതാണ്. അമ്മൂമ്മ മാത്രമേയുള്ളൂ ആ വീട്ടിൽ. മകൻ കൂടെയില്ല, പിണങ്ങി മാറിനിൽക്കുകയാണ്. മകൻ തിരികെ വരുന്നതും കാത്താവാം അവരാ വീടിന്റെ മുന്നിലെ വഴിയിൽ കണ്ണും നട്ട് നിൽക്കുകയായിരുന്നു. ഇനി എന്നാവും ആ മകൻ വീടിന്റെ പടി കടന്നു വരിക. ചുവരുകൾക്ക് വിള്ളലുകളുണ്ട്, തറ ഇളകിയുമിരിക്കുന്നു. തീർത്തും ബലക്ഷയമുള്ള വീടാണ്, വർഷങ്ങൾ പഴക്കമുള്ളത്.

    പുഷ്പവല്ലിയുടെ അടുത്തേക്കാണ് ഒടുവിൽ പോയത്. വീടിന്റെ പഴക്കവും വിള്ളലുമല്ലാതെ പ്രളയം പുതുതായൊരു ദുരിതവും അവർക്കു നൽകിയിട്ടില്ല. വയസ്സായ അമ്മയും മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനും മകനും അടങ്ങുന്ന കുടുംബത്തെ തനിച്ചു പരിപാലിക്കുന്ന പുഷ്പവല്ലിക്ക് പ്രളയം ഒരു വലിയ ദുരിതമായി തോന്നിയിരിക്കില്ല. അവരുടെ മുഖത്തു നോക്കി ചിരിക്കാൻ ഞങ്ങൾ പാടുപെട്ടു. അവരെ ആരെയും ഒരിടത്തേക്കും മാറ്റിപ്പാർപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. പെൻഷനാണ് വരുമാന മാർഗം, പിന്നെ സഹായിക്കാൻ മനസ്സുള്ളവരുടെ കൈത്താങ്ങുകളും. അടിയന്തിരമായി വേണ്ടത് വീട് തന്നെയാണ്, സാമ്പത്തിക സഹായങ്ങൾ വേറെയും.

    കുട്ടികൾക്ക് നല്ല വിഷമമുണ്ടായിരുന്നു, ഒഴുകിപ്പോയ ബാഗുകളെയും പുസ്തകങ്ങളെയും കുറിച്ചോർത്ത്. ചിലർക്കെങ്കിലും അവരുടെ സന്തോഷം തിരികെ കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

  • ഇവിടെയും മനുഷ്യർ താമസിച്ചിരുന്നു

    House No : 20, Ward : 02, Cheruthana panchayath

    IMG_20180907_115335.jpg

    ഇതൊരു വീടായിരുന്നുവെന്ന് വിശ്വസിക്കാൻ പറ്റുന്നുണ്ടോ ? നമ്മളെപ്പോലെ പലർക്കും അതിനു കഴിഞ്ഞെന്നു വരില്ല. നേരിൽക്കാണും വരെ ചില വസ്തുതകൾ നമുക്ക് സത്യമായിരിക്കയില്ല. അങ്ങനെ ഒന്നാണിത്. നാലു പേർ താമസിച്ചിരുന്ന കുടിലായിരുന്നു, കൂലിപ്പണിക്കാരനായ അജിത്ത്, അയാളുടെ അമ്മ, ഭാര്യ, നാലു വയസ്സുള്ള മകൻ. അതിനകത്ത് ഒന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ല, അടിഞ്ഞുകൂടിയ മാലിന്യങ്ങളല്ലാതെ. അകത്തു കയറിയൊന്ന് നോക്കാൻ പോലും ധൈര്യം കിട്ടിയില്ല. മുന്നിലും പിന്നിലും വെള്ളമാണ്. വഞ്ചിയിലല്ലാതെ അവിടേയ്ക്ക് പോകാനാവില്ല. പ്രളയാനന്തരം മറുകരയിൽ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണവർ. വഴിയിലൊരു ചായക്കടയിൽ കയറിയപ്പൊ അജിത്തിനൊരു വീടു വെച്ചു കൊടുക്കണേ എന്നാണ് നാട്ടുകാരും അഭ്യർത്ഥിച്ചത്. പ്രളയത്തിനു മുമ്പു പോലും കേരളം പോലൊരു സംസ്ഥാനത്തു ഇത്തരം വീടുകളിൽ ആളുകൾ താമസിച്ചിരുന്നുവെന്ന് നെടുവീർപ്പോടു കൂടിയല്ലാതെ വിശ്വസിക്കാനാവുന്നില്ല.

  • റിപ്പോർട്ട് (08/09/2018)

    പെരുമാങ്കര IHDP കോളനി ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിന്റെ ഭാഗമാണ്. മറ്റു പല ചെറു ദ്വീപുകൾക്കുമില്ലാത്ത ഒരു സൗകര്യം ഇവർക്കുണ്ടായിരുന്നത് കരയിലേക്കുള്ള പാലമായിരുന്നു. എന്നാൽ അതിനി എത്രനാൾ കൂടിയുണ്ടാവും എന്നറിയില്ല. പാലം തകരാറിലാണ്. വലിയ വിള്ളലുകളുണ്ട്. ഇപ്പോൾ വാഹനം കയറുന്നത് തടഞ്ഞിരിക്കുകയാണ്. പാലത്തിനു ചുവട്ടിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യവും പാലത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്നു. വലിയ തടികളും മരക്കഷ്ണങ്ങളും പ്ലാസ്റ്റിക് മാലിന്യവുമൊക്കെ വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞിരിക്കുകയാണ്. വെള്ളം മലിനമായത് ദ്വീപുവാസികൾക്ക് ഉണ്ടാക്കിയിരിക്കുന്ന പ്രയാസങ്ങൾ വേറെയും. കുടിക്കാനൊഴികെ പല ആവശ്യങ്ങൾക്കും ഈ വെള്ളമാണ് അവർ ഉപയോഗിച്ചിരുന്നത്. ഇന്ന് അതിനും കഴിയുന്നില്ല. പുഴ വെള്ളം ഉപയോഗിച്ചാൽ ദേഹം മുഴുവൻ പലവിധ അലർജിയാണ്.

    29 വീടുകൾ സന്ദർശിച്ചതിൽ വിള്ളലുകൾ വീണതും നിലം പൊളിഞ്ഞതുമൊക്കെയായിരുന്നു കൂടുതൽ. മുഴുവനായി തകർന്ന വീടുകളും കുറവല്ല. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ള ഒരു വീട് തീരെ ഉപയോഗശൂന്യമായിരിക്കുന്നു. പോകാൻ മറ്റൊരിടമില്ലാത്തതു കൊണ്ട് അവർ അവിടെത്തന്നെ കഴിയുകയാണ്. ഡിഗ്രിയ്ക്ക് പഠിക്കുകയാണ് കുട്ടികൾ. കക്കൂസ് സൗകര്യവും ഇല്ല.

    പഞ്ചായത്ത് തുക അനുവദിച്ചിട്ടും പൂർത്തീകരിക്കാൻ കഴിയാതിരുന്ന കക്കൂസുകൾ പലതുണ്ട് ഈയിടങ്ങളിൽ. പൊടിയനും മീനാക്ഷിയും താമസിക്കുന്ന കുഞ്ഞുവീട്ടിൽ വൈദ്യുതി ഇല്ല. ബന്ധുവിന്റെ സ്ഥലത്താണ് വീട്. മീനാക്ഷിയമ്മയുടെ കാലിന് ചെറിയ വൈകല്യമുണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ പൊടിയൻ കറി വെക്കാനുള്ള മീൻ വെട്ടുകയായിരുന്നു.

    ഹരിദാസന്റെ ചെറിയ വീട്ടിൽ ഭാര്യയും കുട്ടിയും മാത്രമല്ല. പ്രായമായ അച്ഛനും പ്രാരാബ്ധങ്ങൾ കാരണം കല്യാണം നടക്കാതെ പോയ സഹോദരനും സഹോദരിയുമുണ്ട്. അടുക്കളയാകെ തകർന്നു പോയി. പാത്രങ്ങളൊന്നും ബാക്കിയില്ല. സാമ്പത്തികമായി വളരെ കഷ്ടതയാണ്.

    പ്രായമായ അച്ഛനും അമ്മയും മാത്രം താമസിക്കുന്ന വീടുകൾ നാലെണ്ണമുണ്ടായിരുന്നു. പൂർണ്ണമായി നശിച്ചതും അറ്റകുറ്റപ്പണിയുള്ളതും എല്ലാമുണ്ട്. ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്കു ചെല്ലുമ്പോൾ ചിലപ്പോൾ ആശ്വാസമാണ്, മറ്റു ചിലപ്പോൾ നെടുവീർപ്പും.

  • റിപ്പോർട്ട് (07/09/2018)

    വീയപുരം പഞ്ചായത്തിലെ അഞ്ചാം വാർഡായിരുന്നു ഇന്നത്തെ അന്വേഷണങ്ങൾക്ക് തെരഞ്ഞെടുത്തത്. 12 വീടുകളാണ് സന്ദർശിച്ചത്. വീടെന്നാൽ വെച്ചു വേവിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്ന സ്ഥലം – അതിനപ്പുറമുള്ള ഒരു നിർവചനത്തിനും മനുഷ്യരുടെ വീടെന്ന സങ്കൽപ്പത്തെ ഏകീകരിക്കാനാവില്ല.

    വിള്ളലുകൾ വീണും അടിത്തറ ഇളകിയുമൊക്കെ ഏതു നേരത്തും വീണു പോയേക്കാമെങ്കിലും രണ്ടു മൂന്ന് വീടുകൾ താൽക്കാലികമായെങ്കിലും വാസയോഗ്യമാണ്. ബാക്കിയുള്ളവ കത്തിച്ചു കളയാൻ കൂട്ടിയിട്ടിരിക്കുന്ന ഓലകളോ തടിക്കഷ്ണങ്ങളോ ആണെന്നാണ് കാഴ്ചയിൽ തോന്നുക. മക്കളില്ലാത്ത പ്രായമായ രണ്ടു പേർ ഒരു മൊട്ടു സൂചി പോലും അവശേഷിപ്പിക്കാത്ത വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട് അയൽ വീട്ടിൽ അഭയം പ്രാപിച്ചിരിക്കുന്നു.

    തുരുത്തു ജീവിതങ്ങൾ ദയനീയമായിരുന്നു. ഒരു തുരുത്തിൽ ഒന്നോ രണ്ടോ കുടുംബങ്ങൾ മാത്രം. ബന്ധുവിന്റെ സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുന്ന ജോമോന് നഷ്ടമായത് പ്രതീക്ഷ കൂടിയാണ്. സ്വന്തമായി സ്ഥലമില്ലാത്തയാൾക്ക് പിന്നെന്ത് വീട് ? ജോമോന് സർക്കാരിൽ നിന്ന് ഒരു സഹായവും കിട്ടില്ല. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്.

    ഉണ്ണിക്കൃഷ്ണന്റെ വീടിന് നല്ല രീതിയിൽ വിള്ളലുണ്ട്. ഇതുവരെ വീണിട്ടില്ലെങ്കിലും ഇനിയൊരു മഴയെ അതിജീവിച്ചേക്കില്ല. ഉണ്ണിക്കൃഷ്ണൻ മാത്രമല്ല ഭാര്യയും രോഗബാധിതർ തന്നെ. ചെറിയ ഒരു മോളുണ്ട്. ഒരു മകനുണ്ടായിരുന്നത് കുറച്ചുനാൾ മുമ്പ് ആത്മഹത്യ ചെയ്തു. 14 വയസ്സായിരുന്നു അവന്.

    ആദ്യത്തെ കുടിൽ മുന്നെയൊരു മഴയ്ക്ക് വീണു. പിന്നെ കെട്ടിയത് ഈ മഴ്ക്കും. മണിക്കുട്ടൻ മീൻപിടുത്തക്കാരനാണ്. ഭാര്യയും ഒരു മകനുമുണ്ട്. ഇന്നത്തെ ഞങ്ങളുടെ സവാരി മുഴുവൻ മണിക്കുട്ടന്റെ തോണിയിലായിരുന്നു. മണിക്കുട്ടനും ഉണ്ണിക്കൃഷ്ണനും വെള്ളം കയറിയ പാടത്തിലൂടെ അൽപ്പം കഷ്ടപ്പെട്ടാണ് തോണി തുഴഞ്ഞ് ഞങ്ങളെ ഓരോ വീടുകളിലേക്കും എത്തിച്ചത്. യാത്രാക്കൂലി എത്ര നിർബന്ധിച്ചിട്ടും വാങ്ങിയതുമില്ല. ഇന്ന് പല വീട്ടുകാരും ഞങ്ങൾക്ക് ചായയും സൽക്കാരവുമൊക്കെ നടത്തി. അവിടങ്ങളിലേക്കുള്ള യാത്രാ ക്ഷീണം അവരോളം മറ്റാർക്കും അറിയില്ലല്ലോ.

    അമ്മയും 17 വയസുള്ള മകളും താമസിക്കുന്ന വീട്ടിൽ കക്കൂസ് സൗകര്യമില്ല. പഞ്ചായത്ത് തുക അനുവദിച്ചു നൽകിയിരുന്നു. പക്ഷേ അടിത്തറയല്ലാതെ ഒന്നുമായില്ല. അതിനുള്ള പൈസയേ ഉള്ളൂവെന്ന് പറഞ്ഞ് കോൺട്രാക്ടർ കൈയൊഴിഞ്ഞു. പിന്നെ നിങ്ങളെന്തു ചെയ്യുന്നു എന്നു ചോദിക്കാനൊരുങ്ങിയതാ. തൊണ്ടയിൽ കുരുങ്ങി ചോദ്യം പുറത്തേക്കു വന്നില്ല. ചുറ്റിലും കൂടിയിരുന്ന ആളുകളുടെ മുന്നിൽ നിന്ന് അതിനു മറുപടി പറയാനാവാതെ ആ അമ്മയും മകളും വിങ്ങിപ്പോയേക്കുമോ എന്നു ഞാൻ പേടിച്ചു. വീടിന്റെ അവസ്ഥയും തീരെ കഷ്ടമാണ്. നന്നായൊന്നു തള്ളിയാൽ താഴെ വീഴുമെന്ന കാര്യത്തിൽ സംശയമില്ല.

    വഴിയിൽ ഒരു കൂട്ടം ശവക്കോട്ടകൾ (ശ്മശാനങ്ങൾ) കണ്ടു. നാനാ ജാതി മതക്കാരുടെ ശ്മശാനങ്ങൾ അടുത്തടുത്ത് നിരനിരയായി. ജീവിച്ചിരുന്നപ്പോൾ എങ്ങനെയൊക്കെയായിരുന്നെങ്കിലും മരണത്തിനു ശേഷം അവർ നല്ല അയൽക്കാരാകുന്നു.

  • ഒറ്റ ജീവിതങ്ങൾ

    ഒറ്റ ജീവിതങ്ങൾ

    House No : 251, Ward : 1, Cheruthana Panchayath

    sdr
    sdr

    കുത്തിയൊലിച്ചു വരുന്ന വെള്ളം കണ്ടപ്പൊ അംബികച്ചേച്ചി റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും എടുത്തുകൊണ്ട് ഓടുവായിരുന്നു. ‘അതെങ്ങാനും പോയാല്‍ പിന്നെ അതിന്റെ പുറകെയൊക്കെ പോകാന്‍ ആരിരിക്കുന്നു മക്കളേ’, ചേച്ചി പറഞ്ഞത് ഒള്ളതാ. ഒരു മകളുള്ളതിനെ കല്യാണം കഴിച്ചു വിട്ടു. രണ്ടാമത്തെ മകള്‍ മൂന്നു വര്‍ഷം മുമ്പ് H1N1 ബാധിച്ച് മരിച്ചു. എവിടെയെങ്കിലുമൊക്കെ ഹോം നഴ്‌സായോ മറ്റോ ജോലിക്കു പോകും. ഓലയും ഷീറ്റുമൊക്കെ കൊണ്ട് ഒപ്പിച്ചെടുത്ത ഒരു വീടായിരുന്നു അവരുടേത്. ആകെ ഇളകിയ മട്ടിലാണ് ഇപ്പൊ അതിന്റെ നില്‍പ്പ്. നന്നായിട്ടൊന്നു തള്ളിയാല്‍ താഴെ വീണേക്കും. പേടിച്ചാണ് അതിനുള്ളില്‍ കിടക്കുന്നതെന്ന് അവര്‍ പറയുന്നു. ആടിനെയോ കോഴിയെയോ കിട്ടിയാല്‍ വളര്‍ത്താമായിരുന്നു എന്നൊക്കെ ചേച്ചി ആത്മഗതം ചെയ്യുന്നുണ്ടായിരുന്നു.

  • റിപ്പോർട്ട് (06/09/2018)

    IMG_20180907_141819.jpg

    കുട്ടനാടിന്റെ ഏറ്റവും പ്രധാന പ്രശ്‌നം ഇന്നാണ് ഞങ്ങളെ ബാധിച്ചത്. വഴിയോ റോഡുകളോ ഇല്ലാത്തതിന്റെ പ്രയാസം വല്ലാതെ അനുഭവിച്ചു. ചെറുതന പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ നിന്നായി ആറു വീടുകളിൽ മാത്രമാണ് ഇന്ന് പോകാൻ കഴിഞ്ഞത്. ചെറു പാലങ്ങൾ കയറിയിറങ്ങിയും വഞ്ചിയിൽ കടത്തു കടന്നും, നടന്നുമൊക്കെയാണ് ഓരോ വീടുകളിലേക്കും എത്തിപ്പെട്ടത്. മൂന്നു വീടുകളുടെ സ്ഥിതി വളരെ മോശമായിരുന്നു. ഏതു നിമിഷവും നിലം പതിച്ചേക്കാവുന്ന രണ്ട് ഇഷ്ടിക വീടും ഒരു ഓലക്കൂരയും.

    ഓലക്കൂരയുടെ അവസ്ഥയൊന്നും അധിക സമയം കണ്ടുനിൽക്കാനാവില്ല. അജിത്തിന്റെ നാലു പേരടങ്ങുന്ന കുടുംബം അവിടെ താമസിച്ചിരുന്നുവെന്ന് വിശ്വസിക്കാനുമാവില്ല. പ്രളയാനന്തരം മറുകരയിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണവർ. വഴിയിലൊരു ചായക്കടയിൽ കയറിയപ്പൊ അജിത്തിനൊരു വീടു വെച്ചു കൊടുക്കണേ എന്നാണ് നാട്ടുകാരും അഭ്യർത്ഥിച്ചത്. ഇഷ്ടിക വീടുകളുടെ കാര്യവും കഷ്ടം തന്നെ. വാതിൽ പോലുമില്ലാത്ത ഒരു വീട്ടിൽ പെൺമകളുമായി താമസിക്കുന്നതിന്റെ അപകടമോർത്ത് രാത്രി ബന്ധുവിന്റെ വീട്ടിൽ പോയി ഉറങ്ങുകയാണ് ശിവദാസനും കുടുംബവും. ശിവദാസന്റെ മകൾ ഐ.ടി.ഐ (സർവേയർ) കോഴ്‌സ് കഴിഞ്ഞുനിൽക്കുകയാണ്. ആ കുട്ടിയ്ക്ക് ഒരു ജോലി കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞാൽ ആ കുടുംബത്തിന് അതൊരു സഹായമായേക്കും.

    പ്രളയത്തിൽ കാര്യമായ നാശമൊന്നും സംഭവിച്ചില്ലെങ്കിലും സാബുവിന്റെ ഓലവീടും പെൺമകളുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിലാണ്.

    കൃഷിയുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെ കൂലിപ്പണിയാണ് ഇവിടെ എല്ലാവരുടെയും ജീവനോപാധി. വെള്ളം കയറിയ പാടങ്ങളിനി എന്ന് കൃഷിയോഗ്യമാവാനാണ്. ജോലിക്കു പോയിത്തുടങ്ങാതെ അന്നന്നത്തെ അന്നത്തിന്റെ വക പോലും കണ്ടുപിടിക്കാൻ കഴിയാത്ത ഇവർ ജീവിതത്തിന്റെ മറുകരയിലേക്ക് എങ്ങനെ തോണി തുഴയാനാണ് ?

  • FLOOD AFTERMATH : REPORT 05.09.2018

    FLOOD AFTERMATH : REPORT 05.09.2018

    IMG_20180905_105600.jpg

    റിപ്പോർട്ട് (05/09/2018)

    പാണ്ടി ദ്വീപിലെ (ചെറുതന പഞ്ചായത്ത്, ഒന്നാം വാർഡ്) ബാക്കിയുള്ള 19 വീടുകളാണ് ഇന്ന് സന്ദർശിച്ചത്. നാശ നഷ്ടങ്ങൾ താരതമ്യേന കൂടുതലായിരുന്നു. പൂർണ്ണമായും ഉപയോഗശൂന്യമായ വീടുകളും ഭാഗികമായി തകർന്ന വീടുകളും ഉണ്ടായിരുന്നു.

    വീടിനു മുൻവാതിലുകൾ ഇല്ലാത്തതിനാൽ അടുക്കള സാമഗ്രികൾ ഉൾപ്പെടെ പലതും ഒഴുകിപ്പോയവർ ധാരാളം. സ്വന്തമായി വഞ്ചിയുണ്ടായതു കൊണ്ട് സ്വന്തം ജീവനു രക്ഷ തേടിയ സമയത്തും കന്നുകാലികളെയും മറ്റും രക്ഷപ്പെടുത്തിയ നല്ല മനുഷ്യരും ഏറെ.

    എന്റെ വീടിനു കാര്യമായ പ്രശ്‌നമൊന്നുമില്ല സാർ, കുറച്ചു കൃഷിനാശമുണ്ടായി. അത് ഇനിയും ഉണ്ടാക്കാമല്ലോ. ബാക്കിയുള്ളവരുടേതു വെച്ച് നോക്കുമ്പൊ ഇതൊന്നും ഒരു നഷ്ടമേയല്ല – കള്ളം പറഞ്ഞ് സഹായം പിടിച്ചു പറ്റാനുള്ള ശ്രമം നടത്താത്ത കുട്ടനാടിന്റെ പച്ച മനുഷ്യരെയും കണ്ടു ഇന്നത്തെ ദിവസം.

    ഒറ്റയ്ക്കു താമസിക്കുന്ന രണ്ടു സ്ത്രീകളുണ്ടായിരുന്നു. രണ്ടു പേരുടെ വീടും പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. അതിലൊരാൾ എവിടെയെങ്കിലും ഹോം നഴ്‌സായോ മറ്റോ ജോലി കിട്ടിയാൽ പോകാൻ തയ്യാറാണെന്നു പറഞ്ഞു.

    കോഴികളും ആടുകളും നഷ്ടപ്പെട്ടവരും ഏറെ. പലക അടിച്ചുണ്ടാക്കിയ രണ്ടു മുറി വീട്ടിലെ മധുവിന്റെ കുടുംബത്തിന്റെ പ്രധാന വരുമാനം നഷ്ടപ്പെട്ട ആ നാല് ആടുകളായിരുന്നു.

    വീടിന്റെ ഭിത്തികൾക്കും ചുവരുകൾക്കും സംഭവിച്ച വിള്ളലുകൾക്കും പൊട്ടു പാടുകൾക്കും പുറമെ വീടിന്റെ നിലം സദാ ഈർപ്പം നിൽക്കുന്ന അവസ്ഥയിലാണ്. അങ്ങനെ നിലം പല വീടുകളിലും പൊട്ടിയും പൊളിഞ്ഞുമിരിക്കുന്നുണ്ട്.

    പുരുഷന്മാർ എല്ലാം കൂലിപ്പണിക്കാരാണ്. പാടത്തെ പണിയ്‌ക്കോ, മീൻ പിടിക്കാനോ മറ്റു കൂലി വേലകൾക്കോ പോകുന്നവർ. സ്ത്രീകളിൽ ചിലർ തയ്യൽക്കാരാണ്. ഒട്ടുമിക്ക സ്ത്രീകളും തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരാണ്. പക്ഷേ അവർക്ക് കിട്ടുന്ന ജോലി ദിവസങ്ങൾ തുലോം തുച്ഛമാണ്.

    പല വീടുകളിലും ടോയ്‌ലറ്റുകൾ ചരിഞ്ഞു പോകുകയോ, മേൽക്കൂര ഇളകി പോകുകയോ ഒക്കെ ചെയ്തിട്ടുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള ഒരു വീടിന് ടോയ്‌ലറ്റ് സൗകര്യം തന്നെയില്ല.