കുട്ടനാടിന്റെ ഏറ്റവും പ്രധാന പ്രശ്നം ഇന്നാണ് ഞങ്ങളെ ബാധിച്ചത്. വഴിയോ റോഡുകളോ ഇല്ലാത്തതിന്റെ പ്രയാസം വല്ലാതെ അനുഭവിച്ചു. ചെറുതന പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ നിന്നായി ആറു വീടുകളിൽ മാത്രമാണ് ഇന്ന് പോകാൻ കഴിഞ്ഞത്. ചെറു പാലങ്ങൾ കയറിയിറങ്ങിയും വഞ്ചിയിൽ കടത്തു കടന്നും, നടന്നുമൊക്കെയാണ് ഓരോ വീടുകളിലേക്കും എത്തിപ്പെട്ടത്. മൂന്നു വീടുകളുടെ സ്ഥിതി വളരെ മോശമായിരുന്നു. ഏതു നിമിഷവും നിലം പതിച്ചേക്കാവുന്ന രണ്ട് ഇഷ്ടിക വീടും ഒരു ഓലക്കൂരയും.
ഓലക്കൂരയുടെ അവസ്ഥയൊന്നും അധിക സമയം കണ്ടുനിൽക്കാനാവില്ല. അജിത്തിന്റെ നാലു പേരടങ്ങുന്ന കുടുംബം അവിടെ താമസിച്ചിരുന്നുവെന്ന് വിശ്വസിക്കാനുമാവില്ല. പ്രളയാനന്തരം മറുകരയിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണവർ. വഴിയിലൊരു ചായക്കടയിൽ കയറിയപ്പൊ അജിത്തിനൊരു വീടു വെച്ചു കൊടുക്കണേ എന്നാണ് നാട്ടുകാരും അഭ്യർത്ഥിച്ചത്. ഇഷ്ടിക വീടുകളുടെ കാര്യവും കഷ്ടം തന്നെ. വാതിൽ പോലുമില്ലാത്ത ഒരു വീട്ടിൽ പെൺമകളുമായി താമസിക്കുന്നതിന്റെ അപകടമോർത്ത് രാത്രി ബന്ധുവിന്റെ വീട്ടിൽ പോയി ഉറങ്ങുകയാണ് ശിവദാസനും കുടുംബവും. ശിവദാസന്റെ മകൾ ഐ.ടി.ഐ (സർവേയർ) കോഴ്സ് കഴിഞ്ഞുനിൽക്കുകയാണ്. ആ കുട്ടിയ്ക്ക് ഒരു ജോലി കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞാൽ ആ കുടുംബത്തിന് അതൊരു സഹായമായേക്കും.
പ്രളയത്തിൽ കാര്യമായ നാശമൊന്നും സംഭവിച്ചില്ലെങ്കിലും സാബുവിന്റെ ഓലവീടും പെൺമകളുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിലാണ്.
കൃഷിയുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെ കൂലിപ്പണിയാണ് ഇവിടെ എല്ലാവരുടെയും ജീവനോപാധി. വെള്ളം കയറിയ പാടങ്ങളിനി എന്ന് കൃഷിയോഗ്യമാവാനാണ്. ജോലിക്കു പോയിത്തുടങ്ങാതെ അന്നന്നത്തെ അന്നത്തിന്റെ വക പോലും കണ്ടുപിടിക്കാൻ കഴിയാത്ത ഇവർ ജീവിതത്തിന്റെ മറുകരയിലേക്ക് എങ്ങനെ തോണി തുഴയാനാണ് ?





Leave a Reply