
പെരുമാങ്കര എസ്.സി. കോളനി ഒരു ചെറു ദ്വീപാണ്. ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിന്റെ ഭാഗം. മറ്റു പല ദ്വീപുകൾക്കുമില്ലാത്ത സൗകര്യം ഇവർക്കുള്ളത് കരയിലേക്കു ബന്ധിപ്പിക്കുന്ന പാലമായിരുന്നു.
പമ്പാ നദിക്കു കുറുകെ 2014 ൽ പണി പൂർത്തിയായ ഈ പാലമാണ് പ്രളയ സമയത്ത് ദ്വീപു നിവാസികൾക്ക് രക്ഷയായത്. പാലമില്ലായിരുന്നെങ്കിൽ ഞങ്ങളൊക്കെ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്നു പറയുമ്പോൾ ജീവനും കൊണ്ടോടിയതിന്റെ ഭയം ഇന്നും കണ്ണുകളിൽ കാണാം. എന്നാൽ മുപ്പതിലധികം കുടുംബങ്ങളുടെ ജീവൻ രക്ഷിച്ച പാലം, അതിനി എത്രനാൾ കൂടിയുണ്ടാവും എന്നറിയില്ല. പാലം തകരാറിലാണ്. വലിയ വിള്ളലുകളുണ്ട്. ഇപ്പോൾ വാഹനം കയറുന്നത് തടഞ്ഞ് കാൽനട മാത്രമാണ് അനുവദിക്കുന്നത്. പാലത്തിനു ചുവട്ടിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യവും പാലത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്നു. വലിയ തടികളും മരക്കഷ്ണങ്ങളും പ്ലാസ്റ്റിക് മാലിന്യവുമൊക്കെ വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞിരിക്കുകയാണ്. വെള്ളം മലിനമായത് ദ്വീപുവാസികൾക്ക് ഉണ്ടാക്കിയിരിക്കുന്ന പ്രയാസങ്ങൾ വേറെയും. കുടിക്കാനൊഴികെ പല ആവശ്യങ്ങൾക്കും ഈ വെള്ളമാണ് അവർ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ അതിനും കഴിയുന്നില്ല. പുഴ വെള്ളം ഉപയോഗിച്ചാൽ ദേഹം മുഴുവൻ ചൊറിച്ചിലും ത്വക്ക് രോഗങ്ങളുമാണ്. പാലം പണി സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ജോലിയല്ല, എങ്കിലും ഇതിവിടെ ഇരിക്കട്ടെ. അധികൃതരോട് വീണ്ടും വീണ്ടും പറയേണ്ടുന്ന സാഹചര്യമുണ്ടായാൽ ഇതെഴുതിയ നാളും സമയവുമൊക്കെ ഉപകരിച്ചേക്കും. ഇനിയൊരു ദുരിതത്തിൽ ഓടി രക്ഷപ്പെടാനെങ്കിലും അവർക്കാ പാലം കൂടിയേ തീരൂ.



Leave a Reply