
റിപ്പോർട്ട് (05/09/2018)
പാണ്ടി ദ്വീപിലെ (ചെറുതന പഞ്ചായത്ത്, ഒന്നാം വാർഡ്) ബാക്കിയുള്ള 19 വീടുകളാണ് ഇന്ന് സന്ദർശിച്ചത്. നാശ നഷ്ടങ്ങൾ താരതമ്യേന കൂടുതലായിരുന്നു. പൂർണ്ണമായും ഉപയോഗശൂന്യമായ വീടുകളും ഭാഗികമായി തകർന്ന വീടുകളും ഉണ്ടായിരുന്നു.
വീടിനു മുൻവാതിലുകൾ ഇല്ലാത്തതിനാൽ അടുക്കള സാമഗ്രികൾ ഉൾപ്പെടെ പലതും ഒഴുകിപ്പോയവർ ധാരാളം. സ്വന്തമായി വഞ്ചിയുണ്ടായതു കൊണ്ട് സ്വന്തം ജീവനു രക്ഷ തേടിയ സമയത്തും കന്നുകാലികളെയും മറ്റും രക്ഷപ്പെടുത്തിയ നല്ല മനുഷ്യരും ഏറെ.
എന്റെ വീടിനു കാര്യമായ പ്രശ്നമൊന്നുമില്ല സാർ, കുറച്ചു കൃഷിനാശമുണ്ടായി. അത് ഇനിയും ഉണ്ടാക്കാമല്ലോ. ബാക്കിയുള്ളവരുടേതു വെച്ച് നോക്കുമ്പൊ ഇതൊന്നും ഒരു നഷ്ടമേയല്ല – കള്ളം പറഞ്ഞ് സഹായം പിടിച്ചു പറ്റാനുള്ള ശ്രമം നടത്താത്ത കുട്ടനാടിന്റെ പച്ച മനുഷ്യരെയും കണ്ടു ഇന്നത്തെ ദിവസം.
ഒറ്റയ്ക്കു താമസിക്കുന്ന രണ്ടു സ്ത്രീകളുണ്ടായിരുന്നു. രണ്ടു പേരുടെ വീടും പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. അതിലൊരാൾ എവിടെയെങ്കിലും ഹോം നഴ്സായോ മറ്റോ ജോലി കിട്ടിയാൽ പോകാൻ തയ്യാറാണെന്നു പറഞ്ഞു.
കോഴികളും ആടുകളും നഷ്ടപ്പെട്ടവരും ഏറെ. പലക അടിച്ചുണ്ടാക്കിയ രണ്ടു മുറി വീട്ടിലെ മധുവിന്റെ കുടുംബത്തിന്റെ പ്രധാന വരുമാനം നഷ്ടപ്പെട്ട ആ നാല് ആടുകളായിരുന്നു.
വീടിന്റെ ഭിത്തികൾക്കും ചുവരുകൾക്കും സംഭവിച്ച വിള്ളലുകൾക്കും പൊട്ടു പാടുകൾക്കും പുറമെ വീടിന്റെ നിലം സദാ ഈർപ്പം നിൽക്കുന്ന അവസ്ഥയിലാണ്. അങ്ങനെ നിലം പല വീടുകളിലും പൊട്ടിയും പൊളിഞ്ഞുമിരിക്കുന്നുണ്ട്.
പുരുഷന്മാർ എല്ലാം കൂലിപ്പണിക്കാരാണ്. പാടത്തെ പണിയ്ക്കോ, മീൻ പിടിക്കാനോ മറ്റു കൂലി വേലകൾക്കോ പോകുന്നവർ. സ്ത്രീകളിൽ ചിലർ തയ്യൽക്കാരാണ്. ഒട്ടുമിക്ക സ്ത്രീകളും തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരാണ്. പക്ഷേ അവർക്ക് കിട്ടുന്ന ജോലി ദിവസങ്ങൾ തുലോം തുച്ഛമാണ്.
പല വീടുകളിലും ടോയ്ലറ്റുകൾ ചരിഞ്ഞു പോകുകയോ, മേൽക്കൂര ഇളകി പോകുകയോ ഒക്കെ ചെയ്തിട്ടുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള ഒരു വീടിന് ടോയ്ലറ്റ് സൗകര്യം തന്നെയില്ല.


Leave a Reply